About Me

My photo
ബാല്യത്തിലെ കണ്ണാരംപൊത്തി കളിയില്‍ എല്ലാരും ഒളിച്ചത് സുരക്ഷിതരായി .... വീണ്ടും ഞാന്‍ തന്നെ കാക്ക. പാഠപുസ്തകത്തിലെ ചോദ്യങ്ങളൊക്കെയും പണത്തെക്കുറിച്ച്മാത്രമായപ്പോള്‍ വീണ്ടും പരാജയം എന്‍റെത് മാത്രം .കൌമാരത്തിലെ കാത്തിരിപ്പുകള്‍ കഥ പൂര്‍ത്തിയാക്കാതെ കടന്നുപോയപ്പോള്‍ കയ്യില്‍ അവശേഷിച്ചത് പൊട്ടിയ കുപ്പിവളകള്‍. ഒടുവില്‍ സാക്ഷ്യ പത്രങ്ങള്‍ സമ്മത പത്രങ്ങളാകാതെ തൊഴിലിടങ്ങള്‍തോറും കൊഞ്ഞനം കുത്തിയപ്പോള്‍ നരബാധിച്ചുതുടങ്ങിയത് എന്‍റെ യവ്വനമനസ്സ്......... ............SHYJU MACHATHI

Sunday, May 23, 2010

എന്റെ നാട് ......


ഒരുപാട് നാടുകള്‍ ചുറ്റിയടിച്ചു കാണണം എന്ന് ഏറെ ആഗ്രഹിച്ചു .എന്നാല്‍ എന്റെ നാടിനെ പൂര്‍ണമായും കണ്ടു, പഠിച്ച ശേഷം മറ്റൊരു നാട് കാണാം എന്ന് ആഗ്രഹിച്ചാല്‍ അതിനു ഈ ജന്മം മതിയാവില്ലെന്ന് തിരിച്ചറിഞ്ഞു .അറിയാത്ത കാഴ്ചകള്‍ പകര്‍ത്താനും,അറിഞ്ഞവ പകരാനും ഒരു എളിയ ശ്രമം .....
എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി.. കുട്ടികള്‍ക്ക് വേണ്ടി.. മറുനാട്ടുകാര്‍ക്ക് വേണ്ടി......



  സുഹൃത്തേ, ഇവിടെ വണ്ടിയിറങ്ങുക.ഞാന്‍ വന്നു കൊണ്ടുപോകാം..   പിന്നെ കാണാം എന്റെ നാടിന്റെ  നന്മകള്‍
കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ 

എന്റെ നാടിനെ രണ്ടായി പകുത്തുകൊണ്ട്  ഈ റയില്‍ പാത കടന്നു പോകുന്നു.കിഴക്ക് ഭാഗം ചെറിയ കുന്നുകളും,പാറ പ്രദേശവും ,ലാറ്ററേറ്റ്  മണ്ണില്‍ വിരിയുന്ന സമ്പന്നമായ ജൈവ വൈവിധ്യവും കാണാമെങ്കില്‍  പടിഞ്ഞാറന്‍ ഭാഗത്ത്‌ തീര ദേശ എക്കല്‍ മണ്ണും,വയലുകളും ,തെങ്ങിന്‍ തോപ്പുകളും അടങ്ങിയ ജനസാന്ദ്രതയേറിയപ്രദേശമാണ്.ലോകത്തിലെ ഏറ്റവും ചെറിയ സസ്യമായ വൂള്‍ഫിയ മുതല്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൂമ്പാറ്റയായ സതേണ്‍ബേര്‍ഡ് വിംഗ് വരെ കാണപ്പെടുന്ന വെത്യസ്തവും,സമ്പന്നവുമായ ആവാസ കേന്ദ്രങ്ങള്‍ എന്റെ നാടിന്റെ പ്രത്യേകതയാണ് .കുന്നുകള്‍,വയലുകള്‍,കുളങ്ങള്‍,കാവുകള്‍,പാറക്കെട്ടുകള്‍,ചതുപ്പുനിലങ്ങള്‍,തോടുകള്‍,നീര്‍ത്തടങ്ങളും തടാകങ്ങളും,പുഴകള്‍ ,തുടങ്ങി ഒട്ടനവധിയായ ആവാസ കേന്ദ്രങ്ങള്‍ ഇവിടെ ഉണ്ട്.പാരിസ്ഥിതികവും ,സാമൂഹികവും,സാംസ്കാരികവും,രാഷ്ട്രീയവുമായ ഒരുപാട് വിശേഷങ്ങള്‍ ഇവിടെ പറയാനുണ്ട്.അതുകൊണ്ട്  അധികം പറഞ്ഞു മുഷിപ്പിക്കുന്നില്ല ദാ നേരിട്ട് കണ്ടോളൂ ...............




                             നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുക .ഇല്ലെങ്കില്‍ അത് നിങ്ങളില്‍ ഇടപെടും .മഹാനായ ലെനിന്റെ  വാക്കുകളിലൂടെ തന്നെ നമുക്ക് മുന്നോട്ടുപോകാം.കേരളത്തിന്റെ  ഇടതുപക്ഷ മനസ്സാണ് കണ്ണൂര്‍.കണ്ണൂരില്‍ ഏറ്റവും ചുവന്നു നില്‍ക്കുന്ന ചില പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒന്നാണ് കണ്ണപുരം.കണ്ണപുരത്തെ  മോസ്കോ ആണ് ഇടക്കെപ്പുറം.അതായത് കേരളത്തിലെ ഏറ്റവും ചുവന്നു നില്‍ക്കുന്ന നാട്.ജന്മിത്തത്തിനും ,ജാതീയതയ്ക്കും,വൈദേശിക ആധിപത്യത്തിനും എതിരെ ധീരമായ പോരാട്ടം നടന്ന മണ്ണാണിത്.
                                   
                                    ഇനി നമുക്ക് നാടിന്റെ   പച്ചപ്പുതേടി പുറപ്പെടാം ......


പുഞ്ചവയല്‍

അയ്യോത്ത് വയല്‍
പുഞ്ച വയല്‍




ഡിസംബര്‍ മാസം രാവിലെ എഴുന്നേറ്റ് അയ്യോത്ത് തോട്ടിന്‍ കരക്ക്‌ ഒന്ന് പോയി നോക്കണം.ദാ ... ഈ കാഴ്ച അവിടുന്നുള്ളതാണ് .ഒരുവശത്ത് നിറയെ പായലും മറു വശത്ത് നിറയെ ആമ്പലും .....പറഞ്ഞറിയിക്കാനാവില്ല ആ ഭംഗി .



ഒരു എട്ടു മണിവരെയെങ്കിലും കാത്തു നില്‍ക്കണം ഈ ആമ്പല്‍ പൂക്കള്‍ ഒന്ന് വിരിഞ്ഞു കിട്ടാന്‍ .ഉദയ സൂര്യന്റെ കിരണങ്ങള്‍ ഏറ്റ് ഓരോ പൂവും തിളങ്ങി നില്‍ക്കും .ഒരു പാര്‍ക്കിലും,ഒരു പൂന്തോട്ടത്തിലും കാണില്ല ഇത്രയും ഭംഗിയോടെ പൂക്കള്‍ ..........

കുറുവക്കാവ്
ee കാവിലേക്ക് ഒന്ന് ഇറങ്ങി നോക്കൂ ... അറിയാതെ മനസും ശരീരവും കുളിരുന്നില്ലേ?
കാവുകള്‍ അങ്ങനെയാണ് , നിറയെ പച്ചപ്പണിഞ്ഞ് ധാരാളം മരങ്ങളും, ചെടികളുമായി ..... കിളികളും, പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ്.....ഒരുപാട് കലപില ശബ്ധങ്ങലുമായി....അമ്പരപ്പിച്ച്, പേടിപ്പിച്ച്, സന്തോഷിപ്പിച്ച്.. അങ്ങനെ അങ്ങനെ ...........................

അയ്യോത്ത്
  ഏതെങ്കിലും ഒരു ചിത്രകാരന്റെ  ഭാവനയില്‍  തെളിഞ്ഞ വര്‍ണ്ണചിത്രമല്ല ഇത്.അങ്ങനെ തോന്നി എങ്കില്‍ നന്ദി . അത് ഞങ്ങളുടെ നാടിനുള്ള അംഗീകാരമായി ഞങ്ങള്‍  കൂട്ടിക്കൊളാം..  നിങ്ങളുടെ നാട്ടിലും കാണാം ഇതുപോലുള്ളതോ ഇതിലും മികച്ചതോ  ആയ കാഴ്ചകള്‍.കണ്ണ്തുറന്നു  നോക്കണം എന്ന് മാത്രം .പുലര്‍കാലത്തും ,ഉച്ചയിലും വൈകുന്നേരങ്ങളിലും പ്രകൃതിയിലെ ഒരേ രൂപങ്ങള്‍ തന്നെ വ്യത്യസ്ത കാഴ്ചാനുഭവങ്ങലാണ്  നമുക്ക് നല്‍കുന്നത്.                വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ക്കൊരു നടത്തമുണ്ട്. തന്നൂപ്പാറയിലെക്കോ  ,ചിടങ്ങള്‍ കുന്നിലെക്കോ ,അയ്യോത്തോ ,ചുണ്ടക്കോ,വള്ളുവന്‍ കടവിലേക്കോ ...എവിടെയായാലും ഈ നിറച്ചാര്‍ത്തിനു  മാറ്റമൊന്നും ഉണ്ടാകാറില്ല .പിന്നെ  മനസ്സില്‍ നിറയെ സ്വപ്നങ്ങളും, ആവലാതികളും പ്രതീക്ഷകളും നിറച്ചുകൊണ്ട് കൂട്ടുകാരോടൊപ്പം ഇവിടങ്ങളിലെല്ലാം  പാറി നടക്കും  .മനസിനും ശരീരത്തിനും  ഭാരമില്ലാതെ....

തന്നൂപ്പാറയില്‍   നിന്ന്
  തെളിഞ്ഞ ആകാശമുള്ള  ഒരു  ദിവസം ഇവിടെ വന്നാല്‍ നിങ്ങള്‍ക്ക്‌ കേരളത്തിന്റെ  വീതി കാണാം.മനസ്സിലായില്ല അല്ലെ ..അതായത് ഇവിടുന്നു നോക്കിയാല്‍ കിഴക്ക് പശ്ചിമ ഘട്ടവും പടിഞ്ഞാറ് അറബിക്കടലും ഒരുപോലെ കാണാനാകും .

തൃക്കോത്ത് ഗുഹ

ഇത് വെറുമൊരു ഗുഹ മാത്രമല്ല.ഇവിടെ ആര് താമസിച്ചുവെന്നോ എങ്ങനെ ഇത് രൂപപ്പെട്ടുവെന്നോ ആര്‍ക്കും അറിയില്ല എങ്കിലും ഈ ഗുഹയുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യം നില നില്‍ക്കുന്നുണ്ട്. കണ്വ മഹര്‍ഷി ഇവിടെയാണ്‌ തപസ്സു ചെയ്തത് എന്നും അത് കൊണ്ടാണ് എന്റെ നാടിനു കണ്ണപുരം എന്ന് പേര് വന്നത് എന്നുമാണ് വിശ്വാസം.

ചെറുകുന്ന്  അമ്പലം
ഇത് ചെറുകുന്ന് അമ്പലം .എന്റെ നാട്ടിലെ മുഴുവന്‍ ആളുകളും ഒത്തുകൂടുന്ന ഒരേ ഒരു സ്ഥലം.ഏപ്രില്‍ മാസം വിഷുവിനോട് അനുബന്ധിച്ചാണ് ഇവിടെ ഉത്സവം.നാല് ദേശക്കാരുടെ വക ഗംഭീര കാഴ്ച വരവും കരിമരുന്നു പ്രയോഗവും ഉണ്ടാകാറുണ്ട്.സംസ്കാരവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ അമ്പലത്തിന്റെ ഒരു ഭാഗം കണ്ണപുരം പഞ്ചായത്തിലും മറ്റൊരു ഭാഗം ചെറുകുന്ന് പഞ്ചായത്തിലും എന്ന് തോന്നുന്ന വിധത്തിലാനുള്ളത്. കണ്ണപുരവും ചെറുകുന്നും അല്ലേലും പല കാര്യത്തിലും അങ്ങനെയാണ്.കണ്ണപുരം വില്ലേജ് ഓഫീസ് ,പോലീസ് സ്റ്റേഷന്‍ എന്നിവ ചെറുകുന്നിലാണ്. എന്നാല്‍ ചെറുകുന്ന് ഹൈ സ്കൂള്‍, പോസ്റ്റ്‌ ഓഫീസ് എന്നിവ കണ്ണപുരം ഭാഗത്തുമാണ് ഉള്ളത് .നാട്ടുകാരുടെ കാര്യവും അങ്ങനെ ഒക്കെ തന്നെ.പരസ്പര സഹകരണത്തോടെയും സ്നേഹത്തോടെയും ഞങ്ങള്‍ കഴിഞ്ഞു പോകുന്നു.



ഓരോ നാടിനും അവരവരുടേതായ ചില ആഘോഷങ്ങളും,കലകളും  ,വിശ്വാസങ്ങളും ,രീതികളും ഉണ്ടാകും.ഇവയെ  എല്ലാത്തിനെയും ചേര്‍ത്ത് പൊതുവില്‍ സംസ്കാരം എന്ന് വിളിക്കുന്നു.എന്റെ നാടിന്റെ  സംസ്കാരം വായിച്ചെടുക്കാന്‍ ഈ ചിത്രങ്ങള്‍ ധാരാളം മതിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

                         നവംബര്‍ മാസം മുതല്‍ ഏപ്രില്‍ മാസം വരെ നാടിന്റെ  വിവിധ ഭാഗങ്ങളില്‍ വിവിധ ജാതി കൂട്ടായ്മകളിലായി തെയ്യം എന്ന അനുഷ്ടടാന കല അരങ്ങേറുന്നു.എന്റെ നാട്ടില്‍ ഓരോ ഇരുനൂറു മീറ്റര്‍ ചുറ്റളവിലും ഇത്തരത്തിലുള്ള കൂട്ടായ്മകളും അതിന്റെ  ഭാഗമായുള്ള തെയ്യവും അരങ്ങേറുന്നുണ്ട്.കേവലമായ ഒരു ആചാരം മാത്രമല്ല ഇത്.ഒരു സമൂഹത്തിന്റെ  ഒന്നാകെയുള്ള സന്തോഷത്തിന്റെ വലിയൊരു ഉല്‍പ്പാദന  കേന്ദ്രം കൂടിയാനിവിടം.


                                   ഓരോ കാലത്തിലും മനുഷ്യന്റെ  ആഗ്രഹങ്ങള്‍ വെത്യസ്തമായിരിക്കും.
കുട്ടിക്കാലത്തെ ചിന്തകളാവില്ല  കൌമാരത്തില്‍. അതില്‍ നിന്നും വെത്യസ്തമായിരിക്കും   യവ്വനത്തിലും വാര്‍ധക്യത്തിലും.കുട്ടിക്കാലത്ത് മുച്ചിലോട്ടു കാവും, കാരങ്കാവും,ചെറുകുന്ന് അമ്പലവുമെല്ലാം ഒരുപാട് നിരാശകള്‍ സമ്മാനിച്ച സ്വപ്ന ലോകമായിരുന്നു.കയ്യില്‍ കാശില്ലാതെ കളിപ്പാട്ടങ്ങളും,ചന്ത  പലഹാരങ്ങളും നോക്കിനടന്ന് ഒടുവില്‍ നിരാശയോടെ മടങ്ങിയ കാലം.അന്ന് അമ്മാമ്മയായിരുന്നു ഏക രക്ഷ.തന്റെ  മടിക്കുത്തില്‍ നിന്നും ഏട്ടനും അനിയന്മാരും കാണാതെ അമ്പതു പൈസയോ ഒരു രൂപയോ എടുത്തു തരും.കളിപ്പാട്ടം വാങ്ങാനായില്ലെങ്ങിലും ഒന്ന് രണ്ടു ഐസ്  വാങ്ങിതിന്നാനും കളര്‍ മുട്ടായി വാങ്ങാനും ആ പണം ധാരാളം മതിയായിരുന്നു.കൌമാര കാലത്ത് ഈ ഉത്സവങ്ങളെല്ലാം സമ്മാനിച്ചത്‌  ഇരുപതു പൈസയുടെ ഐസിന്റെ മധുരമായിരുന്നില്ല,പകരം സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയ പക്വതയില്ലാത്ത മനസ്സിന് ധാരാളം നിറങ്ങളായിരുന്നു.എന്നാല്‍ ഇന്ന് ഒരു ചന്ത  മൊത്തം വാങ്ങാന്‍ കയ്യില്‍ കാശുണ്ടെങ്കിലും കളിപ്പാട്ടങ്ങള്‍ എന്നെ ഭ്രമിപ്പിക്കുന്നില്ല,നിറങ്ങള്‍ എന്നെ അലോസരപ്പെടുത്തുന്നില്ല, ജീവിതം പക്വമായിതുടങ്ങിയപ്പോള്‍ നന്മാകലോരോന്നും ഓരോ ഊട് വഴികളില്‍ മറന്നു വെക്കാന്‍ തുടങ്ങിയിരിക്കുന്നു.എങ്കിലും അമ്മമ്മയുടെ കോന്തലയില്‍ നിന്നും എനിക്ക് മാത്രമായി നല്‍കിയ അമ്പതു പൈസയുടെ മൂല്യവും,കളര്‍ മിട്ടായിയും,ഐസും നല്‍കിയ മധുരവും,ഓര്‍മകളില്‍ ഒരിറ്റു കണ്ണ് നീരായി  ഇന്നും ഓരോ തെയ്യക്കാലങ്ങളിലും കടന്നു വരും.
   


                 കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും, പിന്നെ ഓരോ തളിരിലും         പൂവരും കായ്‌വരും അപ്പോള്‍ ആരെന്തുമെന്തെന്നും ആര്‍ക്കറിയാം..........
 .
    
                                                    
എല്ലാ യാത്രകളും അവസാനിക്കുന്നത് ഇവിടെയാണ്‌.കെട്ടിപ്പടുത്ത സാമ്രാജ്യങ്ങളും,കുന്നുകൂട്ടിയ സമ്പാദ്യങ്ങളും,നെയ്തെടുത്ത മോഹങ്ങളും,ബന്ധങ്ങളും  ബന്ധനങ്ങളും ,എല്ലാമെല്ലാം ഒരുനാള്‍ ഇവിടെ എരിഞ്ഞടങ്ങും .                 
വരും..... ഇവിടെക്കുതന്നെ വരും .നിങ്ങളൊരു പണക്കാരനോ പാവപ്പെട്ടവനോ ആകട്ടെ, അറിവുള്ളവണോ ഇല്ലാത്തവനോ ആകട്ടെ , ഇന്ന് ലോകത്തിന്റെ  ഏതെങ്കിലും ഒരു കോണില്‍ ആയ്ക്കൊള്ളട്ടെ  അല്ലാതാവട്ടെ  എല്ലാ നാടകങ്ങളും അവസാനിപ്പിച്ച്‌ എല്ലാ യാത്രകളും അവസാനിപ്പിച്ച്‌ ഇവിടേയ്ക്ക് തന്നെ വരും .... അതിനിടയില്‍ ഇത്തിരി സമയം കൂടി ബാക്കിയുണ്ട് , കലഹിക്കാനും,കരയാനും,കരയിക്കാനും,പരിഭവം പറയാനും,പിണങ്ങാനും,നൊമ്പരപ്പെടാനും,..................    ഒടുവില്‍ വ്യര്‍ഥമായ ഈ ജീവിതം ജീവിച്ച്  ജീവിച്ച്,അര്‍ത്ഥമില്ലാത്ത ഈ ജീവിതം ജീവിച്ച് ജീവിച്ച്  കയ്യിലോന്നുമില്ലാതെ എല്ലാം ബാക്കിയാക്കി വരും.... ഇവിടെക്കുതന്നെ വരും...അന്ത്യവിശ്രമത്തിനായി .....................................