About Me

My photo
ബാല്യത്തിലെ കണ്ണാരംപൊത്തി കളിയില്‍ എല്ലാരും ഒളിച്ചത് സുരക്ഷിതരായി .... വീണ്ടും ഞാന്‍ തന്നെ കാക്ക. പാഠപുസ്തകത്തിലെ ചോദ്യങ്ങളൊക്കെയും പണത്തെക്കുറിച്ച്മാത്രമായപ്പോള്‍ വീണ്ടും പരാജയം എന്‍റെത് മാത്രം .കൌമാരത്തിലെ കാത്തിരിപ്പുകള്‍ കഥ പൂര്‍ത്തിയാക്കാതെ കടന്നുപോയപ്പോള്‍ കയ്യില്‍ അവശേഷിച്ചത് പൊട്ടിയ കുപ്പിവളകള്‍. ഒടുവില്‍ സാക്ഷ്യ പത്രങ്ങള്‍ സമ്മത പത്രങ്ങളാകാതെ തൊഴിലിടങ്ങള്‍തോറും കൊഞ്ഞനം കുത്തിയപ്പോള്‍ നരബാധിച്ചുതുടങ്ങിയത് എന്‍റെ യവ്വനമനസ്സ്......... ............SHYJU MACHATHI

Tuesday, March 8, 2011

യാത്രകള്‍ .....


   എന്‍റെ  നാടിന്‍റെ  വിശേഷങ്ങള്‍ പറഞ്ഞു തീര്‍ന്നത് കൊണ്ടല്ല,.. ഞാന്‍ നടന്ന വഴികളും എനിക്കത് നല്‍കിയ അനുഭവങ്ങളും പങ്കുവെക്കുമ്പോളാണ്  എന്‍റെ  യാത്രാവിവരണം പൂര്‍ത്തിയാവുന്നത് .നീണ്ട 31 വര്‍ഷത്തെ യാത്രകള്‍ക്കൊടുവില്‍ ഞാന്‍ എന്ത്  നേടിയെന്നും,എന്തായിതീര്‍ന്നു എന്നുമുള്ള ചെറിയോരന്ന്വേഷണം.

                                              മറവിതിന്ന നാട്ടുപാതകളെയും ,കൌതുകം പകര്‍ന്ന നഗര പാതകളെയും കുറിച്ചുള്ള വിവരണം  ഇവിടെ രേഖകളില്ലാതെ പറഞ്ഞു വെക്കേണ്ടി വരുന്നു.അത് ബാല്യത്തിന്‍റെ   പരിമിതിയാണ് . എങ്കിലും ,തെകിട്ടിവരുന്ന അല്‍പ്പം ചില ഓര്‍മ്മകള്‍ ഇന്നും ബാക്കിയുണ്ട്.അവിടുന്നാവട്ടെ യാത്രകളുടെ തുടക്കം.


                                       എന്നാണു ഞാന്‍ ആദ്യമായി ഒരു യാത്ര പോയത്? കൃത്യമായ ഓര്‍മ്മകള്‍ ഒന്നും തന്നെ ഇല്ല.എങ്കിലും സ്കൂളില്‍ പോകുന്നതിനൊക്കെ മുമ്പ്  പല്ലുപൊരിക്കാന്‍ അച്ഛന്‍റെ  കൂടെ കണ്ണൂരില്‍  പോയതായൊരു ചെറിയോരോര്‍മയുണ്ട്.പിന്നെ തളിപ്പറമ്പില്‍ അച്ഛന്‍റെ  കൂടെത്തന്നെ അടക്കയോ,അണ്ടിയോമറ്റും വില്‍ക്കാന്‍ പോയതായും ഞാന്‍ ഓര്‍ക്കുന്നു .അന്ന് മടങ്ങിവരുന്ന വഴിയില്‍ വച്ച് അച്ഛനോട് ആരൊക്കെയോ പോച്ചപ്പന്‍ രാമന്‍ നായര്‍ മരിച്ചുപോയി എന്ന് പറയുന്നുണ്ടായിരുന്നു.അതുകൊണ്ടുതന്നെ തിരികെ യാത്ര നേരെ മരിച്ച വീട്ടിലേക്കായിരുന്നു.
എന്‍റെ  അയല്‍വാസിയായ രാമന്‍ നായര്‍ ആരാണെന്നോ ഏതാണെന്നോ എന്ന് എനിക്കന്നു കൃത്യമായി അറിയില്ലായിരുന്നു.പിന്നീട് മനസ്സിലായി എന്‍റെ  അച്ചാച്ചന്‍റെ   അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു രാമന്‍ നായര്‍.പിന്നെ  എല്ലാ വര്‍ഷവും (ഇത്തിരി വലുതാവും വരെ മാത്രം) ജനുവരി 17നു സ്കൂള്‍ വിട്ടുവരുന്ന വഴി ലീലേച്ചി ഈ ചരമദിനത്തില്‍ പായസം വച്ച് കുട്ടികള്‍ക്ക് വിളമ്പും.ഞാനും അതില്‍ പങ്കാളിയാകും.
                                                              എന്‍റെ  ആദ്യകാല യാത്രകള്‍ ഒക്കെയും നാട്ടിന്‍ പുറങ്ങളിലൂടെ തന്നെയായിരുന്നു .ജൂണ്‍ മാസം സ്കൂള്‍ വിട്ടു വന്നാല്‍ നല്ല മഴയത്ത്   അയ്യോത്ത്  കണ്ടത്തില്‍ നാട്ടിപ്പണിക്ക് പോയ അച്ചാച്ചനും,അച്ഛനും അമ്മയ്ക്കും,ആപ്പനും, മേമിക്കും,പിന്നെ പണിക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും ചായയും കൊണ്ട് പോകേണ്ട ഡ്യൂട്ടി ഞങ്ങള്‍ക്കായിരുന്നു.ഏട്ടനും,ഏച്ചിയും,അനിയതിമാരില്‍ ആരെങ്കിലുമൊക്കെ കൂട്ടിനു കാണും.മഴ മുഴുവനായും നനഞു, ഗ്ലാസ് പിടിയുള്ള  കീറിയ കുട കാറ്റില്‍ അടിമറിഞ്ഞ്, പൊട്ടി വീഴാറായ മരപ്പാലത്തില്‍ കയറുമ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു  പേടിയായിരിക്കും.ഇളകിയ പലകല്‍ക്കിടയിലൂടെ താഴത്തെ തോട്ടിലെ വെള്ളം നീന്തലറിയാത്ത എന്നെ നോക്കി പേടിപ്പിച്ചും,കളിയാക്കിയും ഒഴുകും.അപ്പോഴൊക്കെയും ഞാന്‍ കുത്തോട്ടു നോക്കാതെ സൈഡിലെ മരക്കൈവരിയും ഏട്ടന്‍റെ  കയ്യോ,ഏച്ചിയുടെ  പാവാടതുമ്പോ പിടിച്ചു അക്കരെ കടക്കും.പിന്നെ വിശാലമായ വയലാണ്.അയ്യോത്ത്  വയല്‍ .അവിടെയാണ് ഞങ്ങളുടെ കണ്ടം.



പുതിയ മഴ,പുതിയ പുഴ പുതിയ കുട ...

മടക്കയാത്ര ഇത്തിരി സ്വതന്ത്രവും  ആവേശകരവുമാണ്.കാരണം പീചാളി ഞണ്ടിനെ പിടിച്ചു തൂക്കു പാത്രത്തിലിട്ടും,മങ്ങനാറി ചെടി പറിച്ചു മണപ്പിച്ചു നടന്നും,പോട്ട പറിച്ചു വലിച്ചു  പട പട ശബ്ദമുണ്ടാക്കിയും  ,ചളിവെള്ളത്തില്‍ ഷൂട്ടടിച്ചും,........ഹോ ... മനസിനെ ഇത്രമാത്രം സ്വതന്ത്രമാക്കിയ മറ്റൊരു അനുഭവം വേറെ കാണില്ല.അറിയാതെ വീണ്ടും പറഞ്ഞു പോകുന്നു.. ആദ്യമാദ്യം എനിക്കുണ്ടായി വളരാനുള്ള കൌതുകം പിന്നീടത്‌ വേണ്ടീരുന്നില്ലെന്നു തോന്നീടുന്നതെന്തിനോ......


പട പട പോട്ട



മാങ്ങ നാറി ചെടി
പീചാളി ഞണ്ട്
ഇന്ന് അയ്യോത്ത് തോടിനു പൊളിഞ്ഞു വീഴാറായ ആ മരപ്പാലം ഇല്ല.ഷൂട്ടടിച്ചു നടക്കാന്‍  വരമ്പത്ത് ചെളിവെള്ളം കെട്ടിനില്‍ക്കുന്ന ഓവുചാലുകളും ഇല്ല.പോത്രാം കണ്ണിയെ  താളാം ചപ്പിലിട്ടു  പിടിച്ചു കൊണ്ടുവന്ന്‌ ഹോര്‍ലിക്സ് കുപ്പിയിലിട്ടു വളര്‍ത്തുന്ന കുട്ടികളും ഇല്ല.ഒരു പക്ഷെ ഇതൊക്കെ ഇന്നിന്‍റെ അനിവാര്യതയാകാം ...  എങ്കിലും ജീവിത യാത്രയിലെ ആ നല്ല നാളുകള്‍ എന്നെ  ഇന്നലയുടെ തടവറയില്‍ തന്നെ  കഴിയാനും ഇന്നിന്‍റെ  മായികതയില്‍ ഭ്രമിക്കാതിരിക്കാനും വല്ലാതെ പ്രേരിപ്പിക്കുന്നു.





എന്‍റെ  ജീവിതവും,അനുഭവങ്ങളും,നിങ്ങളുടെ മുന്നില്‍ തുറന്നു വെക്കുന്നതിന്‍റെ ഔചിത്യത്തെ കുറിച്ചോ ,അത് നിങ്ങളില്‍ ഉണ്ടാക്കുന്ന പ്രതികരണത്തെ കുറിച്ചോ തല്‍ക്കാലം ഞാന്‍ ചിന്തിക്കുന്നില്ല.വ്യര്‍തതാ ബോധം ജീവിതത്തെ വല്ലാതെ ബാധിച്ചു തുടങ്ങിയ നേരങ്ങളില്‍ ആശ്വാസത്തിന്‍റെ നേരിയ വെളിച്ചം നല്‍കിയ ഓര്‍മ്മ കുറിപ്പുകളായി  മാത്രം  ഇതിനെ കണക്കാക്കിയാല്‍ മതി.         
                                                           യാത്ര തുടരാം, 
                          കളികളായിരുന്നു എന്‍റെ  ആദ്യ കാല യാത്രകള്‍ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.കൊടന്തല്‍ മട്ടല്‍ ചെത്തിയുണ്ടാക്കിയ ബാറ്റും,സീമക്കൊന്നയുടെ സ്ടംബും വൈല്‍സും , തൂക്കിപ്പിടിച്ച് രാവിലെ ഇളകും. കുറ്റിപ്പീടികയുടെ പിറകിലെ വളപ്പ്...ഇടക്കെപ്പുറം തെക്ക്  അംഗനവാടിയുടെ പിറകില്‍ കൊവ്വപ്പുറക്കാരന്‍റെ  വയല്‍.. തെക്ക് ഗുരുമഠത്തിന്‍റെ  പിറകിലെ വയല്‍.. പുളിയങ്കോട്ടെ വീടിന്‍റെ  മുന്നിലെ വയല്‍.. കളത്തിലെ  കുളത്തിന്‍റെ   പിറകു വശത്തെ  വയല്‍...... പൊരിഞ്ഞ മാച്ചായിരിക്കും പിന്നെ.രാവിലെ തുടങ്ങിയ മാച്ച്‌ ചിലപ്പോള്‍ വൈകുന്നേരം  വരെയെല്ലാം നീളും.ഒരു രൂപക്കും,രണ്ടു രൂപയ്ക്കു മോക്കെയായിരുന്നു മാച്ച്‌.ബോള്‍  പോട്ടിപ്പോയാലോ,തെങ്ങിന്‍റെ  മണ്ടയില്‍ കുടുങ്ങിപ്പോയാലോ,കളി ഓലപ്പായാലോ ആണ് മിക്കവാറും മതിയാക്കുക.ഓരോ ടീമും എതിര്‍ ടീമിനോട് വൈരാഗ്യ ബുദ്ധിയോടെ മാത്രമായിരുന്നു ഇടപെട്ടിരുന്നത്.തികച്ചും നിഷ്കളങ്കമായ  വൈരാഗ്യബുദ്ധി........
              എന്‍റെ  വീടിനു തൊട്ടുകിടക്കുന്ന പ്രദേശങ്ങളും,നാടിന്‍റെ   ഊട് വഴികളും എനിക്ക് പരിചിതമായത് ഈ കളിയാത്രകളിലൂടെയായിരുന്നു....അന്ന് ഞങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയ കളി ക്രിക്കെറ്റ് ആയിരുന്നെങ്കിലും; എന്‍റെ  മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക്  മുതല്‍ക്കൂട്ടായി നിന്ന നിരവധി കളികള്‍ വേറെയുമുണ്ട്.
                              'എക്ക് ശാന്തി മുട്ടി കോട അച്ചു റാങ്കു ശുക്ക് '..... ഇട്ടിയും കോലും കളി ,ചേരിയും ലോലും കളി , മൂന്നാം മകുഞ്ചു  .. സകലം.. മതിലിനടി ... കോട്ടിക്കളികള്‍, കല്ല്‌ ഹായ് മാട് ഹായ് , അച്ചുതോട്ടുകളി , കള്ളനും പോലീസും കളി , കട്ടയേറ്‌   കളി , കണ്ടേറൂകളി ,വെളിച്ചില്‍  എലിവാണം വിടല് ‍, അപ്പം വാരി , കൊത്തങ്കല്ല് , നെര , സീറാം കൊള്ളി , ഡെപ്പ ,കിസ്മി,  വലയും മീനും കളി, തള്ളല്‍ , മണ്ട, ആകാശം ഭൂമി, ആഹ്യാല്  അംബാല് , ചോറും കറിയും വെച്ച് കളി ....അങ്ങനെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കളികള്‍...................


                               മൂന്നാം കുഞ്ചു കളിച്ചു കൊട്ടിനേര്‍  കിട്ടിയതും , സ്ടക്കട്ടയും,സണ്ണി കോട്ടിയും ഡാമാന്‍ കോട്ടിയും കൊണ്ട് കോട്ടിക്കളിയില്‍ ജയിച്ചതും തോറ്റതും, കോട്ടി തരിക്കാവാതിരിക്കാന്‍ നെല്ലുകുത്തികൊണ്ടുവന്ന ഉമിയില്‍ പൊതിഞ്ഞു  അപ്പപ്പണിക്കാര്‍  കളര്‍ ചേര്‍ത്ത ശേഷം കളയുന്ന ബുഷിന്റെ  ചുവന്ന പാട്ടയില്‍ ഇട്ടു സൂക്ഷിച്ചതും , ഇട്ടിയും കോലും കളിച്ചു തോറ്റു മഞ്ചപ്പാലം വരെ പാടിച്ചതും , കിസ്മി കളിക്കുന്നതിനിടയില്‍ പന്ത് കൊണ്ട് കണ്ണിനു ഏറു കിട്ടിയപ്പോള്‍ കണ്ണില്‍ മുലപ്പാല്‍ ഉറ്റിച്ചതും  ,തൊട്ടുകളി കളിക്കുന്ന സമയം പാഞ്ഞ്‌ വരംബുതടഞ്ഞു വീണപ്പോള്‍ പല്ല് പോരിഞ്ഞതും,പൊരിഞ്ഞ പല്ല് ചാണകത്തില്‍ പൊതിഞ്ഞ്‌ ഓട്ടിന്‍റെ  മേലെ ഇട്ടതും ,കളികള്‍ക്കിടയിലെ ഇടവേളകളില്‍ മാട്ടിക്കൊണ്ടുവന്ന അണ്ടി ചുട്ടു മണ്ണില്‍ പൊത്തി
തണിഞ്ഞ ശേഷം ഒട്ടാമ്മാടുകൊണ്ട് മുട്ടി ചിരട്ടയിലിട്ടു തിന്നതും,അഞ്ചണ്ടിക്ക് ഐസ് വാങ്ങിതിന്നതും,അണ്ടിച്ചന കൊണ്ട് കറയായ ട്രൌസറും  ഷര്‍ട്ടും അലക്കാന്‍ നേരത്ത് അമ്മയുടെ കലമ്പു കൊണ്ടതും, പച്ചമാങ്ങ മുറിച്ചിട്ട് ഉപ്പും മുളകും വെളിച്ചെണ്ണയും ചേര്‍ത്ത് പെരക്കി തിന്നതും , എല്ലാ കളിയും അവസാനിപ്പിച്ചു സന്ധ്യാസമയം ചപ്പുചവറുകള്‍ കൂട്ടി തീയിട്ട്‌ തെയ്യം കളിച്ചതും , സന്ധ്യാ സമയത്തും വീട്ടില്‍ എത്താത്തതിനു  അമ്മമ്മയുടെ കലമ്പു കേട്ടതും , തലേന്ന് പെയ്ത മഴ കാരണം മണ്ണില്‍ നിന്നും കുഴി തുരന്ന് പുറത്തുവരുന്ന വണ്ടുകളെ പിടിച്ചു കീശയില്‍ ഇട്ടതും , അതിനെ  പത്രത്തില്‍ പൊതിഞ്ഞു കെട്ടി കത്തിച്ചതുമെല്ലാം മനസ്സിനെ സജീവപ്പെടുത്തിയ , ത്രസിപ്പിച്ച , ആഹ്ലാദിപ്പിച്ച പേരില്ലാത്ത കളികളായിരുന്നു....
                                  ഇത്തിരി മുതിര്‍ന്നപ്പോള്‍ കളി ക്രിക്കറ്റില്‍  മാത്രമൊതുങ്ങി...  അക്കരമ്മില്‍ തോട്ടിന്‍റെ  കരയില്‍ സുല്‍ത്താന്‍ രാജാട്ടന്‍റെ  തെങ്ങിന്‍ തോപ്പാണ് ഗ്രൌണ്ട് .ഷമിത് , വിനേഷ്  , ബിജു , സോജു , ലതി , വിനു , ശൈലേഷ്  , ഷിനു , ശിജോയി , പ്രജി , സുഡു , പപ്പന്‍ , ബാബുവേട്ടന്‍
  , സൂരജ്  , ഹരീശന്‍ , വിബി തുടങ്ങി സീനിയറും ജൂനിയറുമായ ഒരുപാടുപേരുണ്ട് കളിക്കാന്‍ .ഷിനുവും , ഹരീഷനും , നല്ല ഫാസ്റ്റ് ബൌളര്‍മാരാണ് , വിനേഷും , ശമിത്തും , ബിനോയിയും നല്ല ബാറ്റ്സ്മാന്‍ മാരും . ടൂര്‍ണമെന്റില്‍  പങ്കെടുത്തു തോറ്റ ചരിത്രമാണ് ഞങ്ങള്‍ക്ക് കൂടുതലുള്ളത്..



                            വേനല്‍ക്കാലമായാല്‍  കളി തോട്ടിലേക്ക് മാറ്റും.വരണ്ടുണങ്ങിയ അയ്യോത്ത്   തോട്ടില്‍ നിര്‍ത്താതെ വീശുന്ന ഉപ്പുകാറ്റും കൊണ്ട് ...ക്ഷീണമറിയാതെ..അമ്മമ്മേന്‍റെ  ഭാഷേല്‍ പറഞ്ഞാല്‍ മോന്തിയാവുവോളം...മയ്യാല കറക്കുവോളം.... തിമിര്‍ത്തു കളിക്കും...
എന്‍റെ  തലമുറ കയ്യടക്കിയ വയലുകളും പറമ്പ്കളുമെല്ലാം  ഇന്ന് കെട്ടിടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.കളിക്കളങ്ങള്‍ ഓരോന്നായി നശിച്ചു..കളി മരിച്ചു.. കാലത്തിന്‍റെ  ഓരോ ഊട് വഴികളിലും നാം ഓരോ കളികളായി മറന്നു വച്ചു. കളിക്കുന്നവരില്‍ നിന്നും കളി കാണുന്നവരായി ഇന്ന് നാം മാറിയിരിക്കുന്നു. ഇവിടെ നഷ്ടമാവുന്നത് കേവലമായ കളികള്‍ മാത്രമല്ല.നമ്മുടെ ജീവിതം.. നമ്മുടെ സംസ്ക്കാരം... ഒക്കെയും തിരിച്ചു പിടിക്കാന്‍ ഇനിയുമേറെ വൈകിക്കൂടാ.






ഇതു ഇടക്കെപ്പുറത്തിന്‍റെ   പഴയ കവല.യാത്ര ഇനി അങ്ങോട്ടാവം  അല്ലേ?

ഇടക്കെപ്പുറം റോഡു താര്‍ ചെയ്യും മുന്‍പ് ....









Tuesday, January 11, 2011

നാട്ടു വര്‍ത്തമാനം

ഈ ലോകത്തിലെ എല്ലാ നാടുകളെയും പോലെതന്നെയാണ് എന്റെ നാടും.എന്നാലും ചില വിശേഷങ്ങള്‍ ഇവിടെ പറയാനുണ്ട്.ചിലരെ പരിചയപ്പെടുത്തഅനുണ്ട് .നിങ്ങളുടെ നാട്ടിലും ഇവരെയൊക്കെ കണ്ടേക്കാം എന്നാലും ചരിത്രത്തിന്റെ താളുകളിലെവിടെയും രേഖകളില്ലാതെ അവസാനിചെക്കാവുന്ന ഇവര്‍ ഓരോരുത്തരും എനിക്ക് പ്രിയപ്പെട്ടവരാണ്... എന്റെ നാടിനു പ്രിയപ്പെട്ടവരാണ് ..........

അമ്പാടി സുതനും, കുട്ടുവും


ചിന്തയും പ്രവര്‍ത്തിയും പാര്‍ട്ടിയെ കുറിച്ച് മാത്രം.നാട്ടിലൊരു വിശേഷം നടക്കണമെങ്കില്‍ അതില്‍ അമ്പാടി ഉണ്ടാകണം... അല്ല ഉണ്ടാകും. മരിച്ച വീട്ടില്‍ ,കല്യാണവീട്ടില്‍, എന്നുവേണ്ട തന്നെക്കൊണ്ട് ചെയ്യാനാവുന്ന ഈ ഭൂമിക്കു താഴെ ഉള്ള എന്തിലും അമ്പാടി ഉണ്ടാകും. പക്ഷെ തിരക്ക് പിടിച്ച ഈ ജീവിതത്തില്‍ കല്ല്യാണം കഴിക്കാന്‍ മറന്നു പോയി.അമ്പാടിക്ക് പാര്‍ട്ടി കഴിഞ്ഞേ വേറെ എന്തും ഉള്ളു.കൈരളി ടി വി യില്‍ വരുന്ന പരസ്യമാണെങ്കില്‍ പോലും അത് കാണണം എന്നാണു അമ്പാടിയുടെ വാദം.അമ്പാടിയുടെ കൂടെ എപ്പോളും ഉലാസന്‍ ഉണ്ടാകും അല്ലെങ്കില്‍ കുട്ടു.ഇവരാണ് അമ്പാടിയുടെ ശിഷ്യന്മാര്‍.പിന്നെ ഒരു വിശേഷമുണ്ട് , ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മൊബൈല്‍ ഉപയോഗിക്കാത്ത അപൂര്‍വ്വം ചിലരില്‍ ഒരാളാണ് നമ്മുടെ അമ്പാടി.


ഉലാസനും ,ധനെഷനും , പിന്നെ കുട്ടുവും കളിയൊരുക്കം എന്നാ സിനിമയുടെ സെറ്റില്‍

അമ്പാടിയുടെ കടുത്ത ശിഷ്യന്‍മാരാണ് കുട്ടുവും ഉലാസനും. അമ്പാടിയെപ്പോലെ തന്നെ ഇവരും ത്യാഗികലാണ്. നാട്ടിലെ മൊത്തം കാര്യങ്ങളിലും അമ്പാടി ഇടപെടുമ്പോള്‍ ഉലാസന്‍ ആശുപത്രി കേസ് കളിലാണ് സ്പെഷ്യല്‍ .ആശുപത്രിയില്‍ കൂട്ടിനു പോകാന്‍ ആരും ഇല്ലാത്തവര്‍ക്ക് ഉലാസന്‍ ഒരു തുണയാണ്.അത് കണ്ണൂരായാലും മങ്ങലാപുരമായാലും ഉലാസന്‍ റെഡി . അവിവാഹിത മുന്നണിയുടെ കേന്ദ്ര നേതാവാണ്‌ അമ്പാടി എങ്കില്‍ ഒരു ജില്ലാ നേതാവായി ഉലാസനെ കൂട്ടാം. പോലിസ്കാരും ,ഡോക്ടര്‍മാരും അടക്കം നാട്ടിലെ ഉന്നതന്മാരുമായി ഉലാസന് നല്ല പിടിപാടാണ് .


ഈ ചിത്രത്തില്‍ അപരിചിതനായി ഒരാളല്ലേ ബാക്കി ഉള്ളൂ.. അതാണ്‌ നമ്മുടെ കെ.പി.കെ. പവിത്രന്‍ കെ.പി എന്നതിന്റെ ചുരുക്കപേരാണ് കെ.പി.കെ. ആളുടെ ലൈന്‍ ഇച്ചിരി ഒന്ന് മാറ്റമാണ് .ജൈവകൃഷിയില്‍ അതീവ ശ്രദ്ധാലുവായ കെ.പി.കെ തികഞ്ഞൊരു പ്രകൃതി സ്നേഹിയാണ്.കച്ചവടക്കാരനായ ഇദ്ദേഹം കടയില്‍ വരുന്ന ഓരോരുത്തരെയും ബോധാവല്‍ക്കരിക്കും.പ്ലാസ്റ്റിക്‌ ഉപയോഗിക്കരുത്,സിഗരറ്റ് വലിക്കരുത്,മാഗിയും,ലൈസും,കോളയും കഴിക്കരുത്,സ്വന്തമായി കൃഷി ചെയ്യണം .... അങ്ങനെ അങ്ങനെ ഒരുപാട് ഉപദേശങ്ങള്‍ .ഒരിക്കല്‍ കടയില്‍ പയര് വാങ്ങാന്‍ പോയ രഘുമാഷിനോട് കെ.പി,കെ യുടെ ഉപദേശം .."ഈ പയര് വാങ്ങണ്ട ഇത് ബാന്‍ഗ്ലൂര്‍ പയരാന്.നിങ്ങള്‍ വാസുവേട്ടന്റെ കടയില്‍ നിന്നും വാങ്ങിക്കോളൂ അവിടെ നാടന്‍ പയര്‍ ഉണ്ട് ".ഇതാണ് കെ.പി.കെ .

രാത്രി ആയാല്‍ കെ.പി.കെ യും,അമ്പാടിയും,ഉലാസനും, ഞാനും ഒത്തു കൂടുന്നത് ഈ വായനശാലയിലാണ് .ഈ ഭൂമിക്കു താഴെ ഉള്ള എന്തിനെകുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യും.ഒടുവില്‍ ആരാന്റെ ആറും നൂറും പറഞ്ഞു പിരിയുംപോലെകും സമയം പന്ത്രണ്ടായിക്കാന്നും .ഉലാസന്‍ ഉറങ്ങിയിട്ടുമുണ്ടാകും .ദാ... ഇത് പോലെ .........................

ഇനിയും ചിലരെ കൂടി പരിചയപ്പെടുതാനുണ്ട്.ജയപ്രശാന്ത് ,കല്ലങ്ങാടന്‍ വിജയന്‍,കെ വി ശ്രീധരന്‍ ,പി വി ജിതേഷ് ...............ഇവരൊക്കെ നാട്ടിലെ പ്രധാന പൌര പ്രമുഖന്‍മാരാണ് .എന്നാല്‍ ഓരോരാളും ഒന്നിനൊന്നു വെത്യസ്തരുമാണ് . കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള എന്റെ നാട്ടില്‍ ഇവരെല്ലാവരും കലയിലൂടെ ... നാടക പ്രവര്‍ത്തനത്തിലൂടെ കടന്നു വന്നു തങ്ങളുടേതായ ശൈലിയും കാഴ്ചപ്പാടും കൊണ്ട് മാതൃക തീര്‍ത്തവരാണ് .


              ഒരു പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ നാട്ടില്‍ കാവി മുണ്ടും വെള്ള ഷര്‍ട്ടും മാത്രം ധരിച്ച്
ച്ചെരിപ്പിടാതെ അപരിഷ്ക്രിതാരെ പോലെ, താഴെ ഭൂമി മുകളില്‍ ആകാശം എന്ന നിലയില്‍ മനസ്സില്‍ വിപ്ലവ ചിന്തകള്‍  മാത്രമായി  നടന്ന രണ്ടു ചെറുപ്പക്കാരുണ്ടായിരുന്നു .ചെറിയ സാമി എന്നും വലിയ സാമി എന്നും സുഹൃത്തുക്കള്‍ അവരെ സ്നേഹ പൂര്‍വ്വം വിളിച്ചു.ജീവിതത്തിലെ അവിസ്മരണീയവും ജീവിതഗതിയെ സാരമായി സ്വാധീനിക്കുകയും ചെയ്ത നാളുകള്‍..
                        എന്നെ ഞാന്‍ ആക്കിതീര്‍ക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ച വ്യക്തിയാണ് ജയപ്രശാന്ത് .ഒരു പക്ഷെ എന്റെ മറ്റേതെങ്കിലും  തരത്തില്‍ ഉണ്ടായേക്കാമായിരുന്ന
വളര്‍ച്ചയെ മുരടിപ്പിക്കുകയും,ഇന്ന് കാണുന്ന അവസ്ഥയെ സജീവമാക്കുകയും ചെയ്തത് ജെ.പി ആണ്. ഒരിക്കല്‍ ഞാനും ജെ പി യും സൈക്കളില്‍ കേരളം മുഴുവന്‍ ചുറ്റി കറങ്ങാന്‍ തീരുമാനിച്ചു.അന്ന് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്നു. അയാള്‍ക്കും പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല.കണ്ണപുരത്തെ എണ്ണം പറഞ്ഞ പ്രവര്‍ത്തകരായിരുന്നു അന്ന് ഞങ്ങള്‍.സൈക്കിള്‍  വാങ്ങാന്‍ കയ്യില്‍ കാശില്ലാത്തതിനാല്‍ പദ്ധതി പിന്നീട് മാറ്റി വച്ചു.പിന്നെ നടന്നതെയില്ല.
                  മാറ്റങ്ങള്‍ ഒരുപാട് സംഭവിച്ചിരിക്കുന്നു.എനിക്കും, ജെ പി ക്കും, ഞങ്ങള്‍ വളര്‍ന്ന സമൂഹത്തിനും.ഈ മാറ്റങ്ങള്‍ ഞങ്ങളെ ഒരുപാട് അകലത്തില്‍ കൊണ്ട് ചെന്നെത്തിചിരിക്കുന്നു .അതിജീവനത്തിനു വേണ്ടി ഉണ്ടാക്കിയ താല്‍ക്കാലികമായ  അകലം.





  ഈ ചങ്ങാതി ഒറ്റയ്ക്ക് ഈ മരക്കൊമ്പില്‍  ഇരുന്നു എന്താണ്  ചെയ്യുന്നത്?
നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ ഉണ്ടായ ചോദ്യം ഇതല്ലേ? സ്വാഭാവികം മാത്രം .ഇതാണ് ദിനേശന്‍ ചെരിയാണ്ടി.എന്റെ വളരെ അടുത്ത സുഹൃത്താണ്.കഴിഞ്ഞ രണ്ടു വര്‍ഷക്കാലം മിക്കവാറും ഞായറാഴ്ചകളില്‍ ഞാനും ദിനേശന്‍ മാഷും ക്യാമറയും തൂക്കി രാവിലെ ഒരു ആര് മണിആകുമ്പോള്‍ പുറപ്പെടും .മാഷിന്റെ  ഭാര്യ  ഉച്ചയാകാരാകുമ്പോള്‍  ഇനിയും  നിങ്ങള്‍ ചായ കുടിക്കാന്‍ വരുന്നില്ലേ എന്ന് അന്ത്യ  ശാസനയോടെ  പറയും വരെ ഞങ്ങളുടെ യാത്ര തുടരും.എന്റെ പഞ്ചായത്തില്‍ ഞങ്ങള്‍ക്കരിയാത്ത ഒരു ഇടവഴിയോ പറമ്പോ ഇല്ലെന്നു തന്നെ വേണമെങ്ങില്‍ പറയാം.അത്ര മാത്രം ഞങ്ങള്‍ നാടിനെ കണ്ടു കഴിഞ്ഞു. എന്നാല്‍ നാടിനെ പറ്റി  പഠിച്ചതോ ഒരു കുമ്പിളില്‍ കൊരാവുന്നത്രയും മാത്രം.
                കണ്ണപുരത്തെ ഒട്ടു മിക്ക ചെടികളുടെയും പൂക്കളുടെയും, ജീവികളുടെയും ഫോട്ടോസ് ഞങ്ങളുടെ കയ്യില്‍ ഉണ്ട്. മറ്റൊരു അവസരത്തില്‍ അതൊക്കെ നിങ്ങള്‍ക്ക്‌ ഞങ്ങള്‍ നല്‍കുന്നതാണ്.




                                ഒരു ദിവസം രാവിലെ ഞങ്ങള്‍ പോയത് ജ്യോതിയുടെ (ദിനേശന്‍ മാഷിന്റെ  ഭാര്യ ) വീട്ടിലേക്കായിരുന്നു.വീടിനടുത്ത്  ഒരു വിശാലമായ വയല്‍ ഉണ്ട് .എന്നാല്‍ കൃഷി ഇല്ല.നാട്ടുകാര്‍ കാരണം പറഞ്ഞത് വയലില്‍ നിറയെ അട്ടകള്‍ ഉണ്ട് എന്നാണു.എന്നാലത് ഒന്ന് പരീക്ഷിക്കണം എന്നായി ദിനേശന്‍ മാഷ്‌ .ഒത്താല്‍ ഒരു  അട്ടയുടെ ഫോട്ടോ എടുക്കാമല്ലോ എന്ന് ഞാനും.അങ്ങനെ വയലിലെ ചെളിവെള്ളത്തില്‍ അട്ടയെ പിടിക്കാന്‍ കാലും നീട്ടി ദിനേശന്‍ മാഷ്‌ ഇരുന്നു.സെക്കന്റുകള്‍  മിനുട്ടുകളയും മിനുട്ടുകള്‍ മണിക്കൂറുകള്‍ ആയും  കടന്നു പോയി. അട്ട പോയിട്ട് വാല്‍ മാക്രി പോലും  വന്നില്ല .


              ഞങ്ങളുടെ യാത്ര തുടരുകയാണ്. ഓരോ യാത്രയും നല്‍കുന്നത് പുതിയ ഒരറിവോ,അനുഭവമോ ആണ് .ഈ യാത്ര രണ്ടു പേരില്‍ തുടങ്ങി പുതിയൊരു കൂട്ടായ്മയില്‍ എത്തി നില്‍ക്കുകയാണ്.ആ വിശേഷങ്ങളാവട്ടെ  അടുത്തത് .






Monday, January 10, 2011

ജൈവ വൈവിദ്യവും നാട്ടറിവുകളും

ഞാനും ദിനേശന്‍ മാഷും കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി എല്ലാ ഞായറാഴ്ചയും ഞങ്ങളുടെ നാട്ടിലൂടെ നടത്തിയ യാത്രയില്‍ കണ്ടതും കേട്ടതുമായ ഇത്തിരിയോളം പോന്ന അറിവുകള്‍ കഴിഞ്ഞ ശാസ്ത്ര മേളയില്‍ ചെറുതായൊന്നു പയറ്റിനോക്കി .ജില്ലാതലത്തില്‍ എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചു.അതില്‍ അവതരിപ്പിച്ച ജൈവവൈവിദ്യവും നാട്ടറിവുകളും എന്ന ശേഖരനത്തിലെ ചില നുറുങ്ങുകള്‍ .....
വിശ്വാസവും നാട്ടറിവുകളും:
1. ഉളുക്ക് പിടിക്കല്‍ : കൈയോ ,കാലോ ,കഴുത്തോ ചെറുതായൊന്നു ഉളുക്കിയിട്ടുണ്ടെങ്കില്‍ എന്റെ നാട്ടില്‍ പ്രായമായ അമ്മൂമ്മമാര്‍ പയറ്റുന്ന ഒരു നാടന്‍ ചികിത്സയാണ് ഉളുക്ക് പിടിക്കല്‍.രോഗിയായ ആളിനെ ഒരുസ്ഥലത്ത് ഇരുത്തിയശേഷം രണ്ടു പേര്‍ മുഖാമുഖമായി നിന്ന് അവരുടെ അരയ്ക്കു ചേര്‍ത്ത് സമാന്തരമായി രണ്ടു ഈര്‍ക്കില്‍ പിടിക്കുഉന്നു. അതിനു ശേഷം അമ്മൂമ്മ വളപ്പില്‍ പോയി ആരും കാണാതെ ചില പച്ചമരുന്നുകള്‍ പറിച്ചു കൊണ്ട് വന്ന് ഈര്‍ക്കിലുകളുടെ ഇടയില്‍ ഇട്ടു തിരുമ്പുന്നു. അല്‍പ്പസമയത്തിനുള്ളില്‍ ഈ ഈര്‍ക്കിലുകള്‍ തന്നാലെ വളഞ്ഞു അടുത്ത് വരികയും പരസ്പരം ക്രോസ് ചെയ്യുകയും ചെയ്യുന്നു.അത്ഭുതകരമായ ഈ കാഴ്ച കാണുന്ന രോഗിയുടെ മുന്നില്‍ വച്ചുതന്നെ ഈര്‍ക്കില്‍ പൊട്ടിച്ചു കളഞ്ഞ് മരുന്ന് പുരട്ടാന്‍ കൊടുക്കുന്നു.അടുത്ത ദിവസത്തേക്ക് അസുഖം മാറിക്കിട്ടുന്നു.

യഥാര്‍ത്ഥത്തില്‍ ശാസ്ത്രവുമായി ഇതിനു ബന്ധമുണ്ടോ ? ഉണ്ടെന്നു വേണം കരുതാന്‍ .കാരണം വിശ്വാസം ഒരു മാനസികമായ ചികിത്സയാണ്.മാത്രമല്ല ഈര്‍ക്കില്‍ വളയാന്‍ കാരണമായ എന്തോ ഒരു ശക്തി ആ പച്ചമരുന്നുകള്‍ക്ക് ഉണ്ട് .മരുന്ന് പറഞ്ഞു കൊടുത്താല്‍ ഈര്‍ക്കില്‍ വലയില്ലെന്നും ഫലം ഉണ്ടാകില്ലെന്ന് അമ്മൂമ്മമാര്‍ പറയുന്നു.എങ്കിലും അറിവ് പൂഴ്ത്തിവേക്കാനുല്ലതല്ല എന്നാ തിരിച്ചറിവില്‍ ഞങ്ങള്‍ അത് പുറത്തു വിടുന്നു.

ആനച്ചുവടി,ചെറുകടലാടി,പൂവാങ്കുറുന്തില,മുയല്‍ച്ചെവിയന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് നോക്കാം.


2. കൈവിഷം കളയല്‍ :